പ്രവാസികള്‍ പോയവര്‍ഷം അയച്ചത് 9.88 ലക്ഷം കോടി; കേരളം രണ്ടാംസ്ഥാനം, ഗള്‍ഫ് കുത്തക അവസാനിക്കുന്നു
തിരുവനന്തപുരം: ആഗോള സാമ്പത്തിക നില മെച്ചപ്പെട്ടതോടെ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ ഒഴുക്കില്‍ വൻ വര്‍ധന. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണമെത്തിയ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണ്, മഹാരാഷ്ട്രയാണ് ഒന്നാമത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് ആകെ പ്രവാസി പണമായി 9.88 ലക്ഷം കോടി രൂപ എത്തി. ഇതില്‍ കേരളത്തിന്റെ വിഹിതം 19.7 ശതമാനമായി ഉയര്‍ന്നു, 2020-21ല്‍ ഇത് 10.2 ശതമാനമായിരുന്നു. പ്രവാസി പണം കൂടുതല്‍ ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍: തമിഴ്‌നാട്, 10.4 ശതമാനം, തെലങ്കാന, 8.1 ശതമാനം, കര്‍ണാടക 7.7 ശതമാനം എന്നിവയാണ്. കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി ആര്‍ബിഐ പഠനം വ്യക്തമാക്കുന്നു. ഗള്‍ഫ് ഒഴികെയുള്ള വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ് ഈ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം. ആര്‍ബിഐ റിപ്പോര്‍ട്ട് പ്രകാരം, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസം കുറയുന്നതും വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുന്നതും പ്രവാസി പണത്തിന്റെ ഒഴുക്കില്‍ മാറ്റം വരുത്തുന്നു. പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ചെലവ് ഇപ്പോഴും കൂടുതലാണ്. 200 യുഎസ് ഡോളര്‍ അയയ്ക്കുന്നതിന് 4.9% നിരക്കാണ് ഈടാക്കുന്നത്. ഈ ചെലവ് 3% ആയി കുറയ്ക്കേണ്ടതുണ്ടെന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.